Tuesday, October 29, 2013

ജീവിതമേ

പറന്നുപോയ കിളി ശേഷിപ്പിച്ചത്
മരക്കൊമ്പില്‍ ഒരു നഖക്ഷതം മാത്രം 

പെയ്തു തീര്‍ന്നൊരു മഴ ശേഷിപ്പിച്ചത് 
മനസിന്‍ തുമ്പിലൊരു നനുത്ത മണ്‍ഗന്ധം

ഒഴുകിപ്പോയ  ജീവിതപ്പുഴ ശേഷിപ്പിച്ചത് 
ഒളി മങ്ങിയോരോര്‍മ്മകള്‍ മാത്രം 

പൊഴിഞ്ഞു പോയ പൂവ് ശേഷിപ്പിച്ചത് 
വിരല്‍ത്തുമ്പില്‍ ഒരു സൂചിപ്പഴുതു മാത്രവും 

ഹാ ജീവിതമേ നീ എത്ര സുന്ദരം 

Thursday, October 24, 2013

പകല്‍ ഉറക്കങ്ങള്‍

രാവുകള്‍ ഞാന്‍ പകലിനെക്കാള്‍
കൂടുതല്‍ ഇഷ്ടപ്പെടുന്നു 
കാരണം രാവില്‍ നക്ഷത്രങ്ങള്‍
മാത്രം കൂട്ടിനുണ്ടാവും
പകലിലെ ഉറക്കത്തില്‍ അര്‍ദ്ധ-
സാന്നിദ്ധ്യമായ നീയുള്ള സ്വപ്‌നങ്ങള്‍ 
എന്നും ഉറക്കപ്പിച്ചുകള്‍ 
സമ്മാനിക്കുമ്പോള്‍ 
ഞാന്‍ ഒരിക്കലും കൊതിച്ചില്ല
എന്റെ സ്വപ്നങ്ങളില്‍
നീ മാഞ്ഞു പോകണേ എന്ന് 
പകരം സ്വപ്നം കാണാതെ
ഉറങ്ങാതെ ഞാന്‍ കൂട്ടിരുന്നു 
നിന്റെ ഓരോ ശ്വാസത്തിനും 
ഒരു ചുടു നിശ്വാസമായി 
എങ്കിലും ആ നിശ്വാസങ്ങളില്‍
എന്റെ ജീവന്റെ ചൂട്
ഒരു കുമിള  പോലും
സന്നിവേശിക്കാന്‍ മറന്നപ്പോള്‍ 
എനിക്ക് നഷ്ടമായത് സ്വപ്‌നങ്ങള്‍ മാത്രമല്ല 
എന്നെ തന്നെ ആയിരുന്നു 

Thursday, May 23, 2013

മിഴിനീര്‍ക്കണം

കൊഴിയുന്ന പൂവിന്‍റെയുള്ളില്‍
തുളുമ്പുന്ന കദനത്തിന്‍
ഗദ്ഗദം ആര് കേട്ടു ?.
പിടയുന്ന നെഞ്ചിന്റെ
ഉള്ളില്‍ നിന്നൊരു മിഴിനീര്‍ക്കണം
അതാര് കാണാന്‍ 

ചുംബനം

ഓര്‍ക്കാതെ പെയ്യുന്ന മഴയില്‍
കുതിര്‍ന്ന മണ്ണിന്‍ ഗന്ധം
നിലാവില്‍ പരക്കുമ്പോള്‍
രുചിയുടെ നറുതേൻകണം
ചുണ്ടില്‍ പകരുവാന്‍
എന്നരികെ എവിടെയോ
നീയുണ്ടെന്നു പ്രതീക്ഷിച്ചു 

മനസ്

നുണയും തോറും അലിയാതെ
കല്ലിച്ചു പോവുന്ന മിഠായികള്‍
പറയും തോറും അര്‍ത്ഥമില്ലാതെ
പോവുന്ന സ്വാന്തനസ്വരങ്ങള്‍
നനയുംതോറും വറ്റിവരണ്ടുപോവുന്ന
മനസ്

ആശുപത്രി



മൗനത്തിന്റെ ഇടനാഴികള്‍
അമര്‍ത്തിയ തേങ്ങലുകള്‍
വിങ്ങുന്ന അടച്ചുമുറികള്‍
പ്രതീക്ഷയുടെ കണ്ണുകള്‍
നെടുവീര്‍പ്പെടുന്ന
ഇരിപ്പിടങ്ങള്‍

എത്ര അമര്‍ത്തി
തുന്നിക്കെട്ടിയാലും
കിനിഞ്ഞിറങ്ങുന്ന
ചുവന്ന രേഖകള്‍
അമ്ലഗന്ധമാര്‍ന്ന
മഞ്ഞച്ചുവരുകള്‍
കറുപ്പില്‍ തെളിയുന്ന
നീലയും മഞ്ഞയും ചുവപ്പും
ആയി മിന്നുന്ന പൊരുത്തക്കേടുകള്‍
നേര്‍രേഖയില്‍ അവസാനിക്കുന്ന
സ്വപ്‌നങ്ങള്‍ 

മനം

മൌനത്തിന്റെ
സ്വപ്നസാന്ദ്രതയിലൂടെ
കടന്നു പോകുന്ന സങ്കടങ്ങള്‍
ഓര്‍മ്മയില്‍ മഴവില്‍ നിറങ്ങളായ്
പൂക്കളായ് വിരിയുമൊരുമനം 

എനിക്കായ് പെയ്തമഴകള്‍

പറഞ്ഞു തീരാത്ത വാക്കുകളില്‍
ഇഷ്ടത്തിന്റെ കുരുന്നുകളെ
ഒളിപ്പിച്ചു വച്ചിരുന്നോ
കേള്‍വിയുടെ ഇലപ്പടര്‍പ്പുകളില്‍ ?
പെയ്തു തീരാത്ത തോരാമാഴയായ്‌
എന്നെങ്കിലും ഓര്‍ക്കുമോ ആ മരച്ചില്ലകള്‍ ?

ഹാപ്പി ബര്‍ത്ത്ഡേ

പതിവ് പോലെ കിടക്കാന്‍ വൈകിയത് കാരണം എണീറ്റതും വൈകി തന്നെ ..
പല്ല് തേച്ചു കുളിച്ചു കുറെ പച്ചവെള്ളം മട മടാ കുടിച്ചു .
ഓഫീസില്‍ പോണമല്ലോ എന്നോര്‍ത്ത് പ്ലസ് തുറന്നു ..
രാവിലെ തന്നെ ഒരുപാട് പേര്‍ ആശംസകള്‍ ഇട്ടിട്ടുണ്ട് .
എന്തായാലും പന്ത്രണ്ടരയ്ക്ക് വണ്ടി വരും ഓഫീസിനടുത്തുള്ള വല്ല ഹോട്ടലിലും പോയി വല്ലോം കഴിക്കാം എന്ന് നിരീച്ച് പ്രാതല്‍ എന്നത്തെയും പോലെ തള്ളി ..
ഓഫീസില്‍ എത്തി ഒരു മാംഗോ ജ്യൂസ് വാങ്ങി ക്യുബിക്കിളില്‍ കയറി ഇരുന്നു .
ലിങ്കില്‍ ആരെയും പച്ച കാണുന്നില്ല ..അപ്പോഴാണ്‌ മനസിലായത് ഒറ്റയ്ക്കാണ് ഷിഫ്റ്റില്‍ ..
ആദ്യമായി ഒന്നും അല്ലാത്തത് കൊണ്ട് വല്യ പ്രശ്നം ഒന്നും തോന്നിയില്ല ..
റുട്ടീന്‍ ചെക്കപ്പ് എല്ലാം നോക്കി മെയിലുകള്‍ക്ക് റിപ്ലൈ ചെയ്യാന്‍ തുടങ്ങിയപ്പോ ഫോണ്‍ അടിക്കാന്‍ തുടങ്ങി .
പണ്ടാരം എന്ന് കരുതി എടുത്തു ..രണ്ടു മണിക്കൂര്‍ കോണ്‍ഫറന്‍സ് കോള്‍ ..
ശരിയെന്റെ മുത്തപ്പാ എന്ന് കരുതി കോള്‍ തീര്‍ന്ന ഉടനെ കാന്റീനില്‍ ഓടി ..
എല്ലാരും പൂട്ടി പാത്രോം കമഴ്ത്തി വെച്ച് വീട് പറ്റിയിരിക്കുന്നു ..
പിന്നേം കുറേ പച്ചവെള്ളവും കുടിച്ചു ഒരു ഫില്‍ട്ടര്‍ കോഫിയും എടുത്ത് സീറ്റില്‍ തിരിച്ചെത്തി ..
നേരത്തെ ഉണ്ടായ കോണ്‍ കോളിന്റെ മക്കളായി നാലഞ്ചു ഹൈ പ്രയോരിറ്റികള്‍ വന്നിട്ടുണ്ട് ..
എല്ലാം ഒരു വിധം ശരിയാക്കി വച്ചപ്പോ അടുത്ത കോണ്‍ കോള്‍ .ഇത്തവണ ഒരു മണിക്കൂര്‍ ആയിരുന്നു ആശ്വാസം ..അത് കഴിഞ്ഞപ്പോ ഒന്ന് പുകയ്ക്കാം പുറത്ത് ഹോട്ടലില്‍ പോകാം എന്ന് കരുതി ഓഫീസിനു വെളിയില്‍ എത്തി ..
കത്തിച്ച് നാലഞ്ചു അടി നടന്നിരിക്കും ഷിഫ്റ്റ്‌ മൊബൈലില്‍ കോള്‍ ..ആഹാ രണ്ടര മണിക്കൂര്‍ പോയിക്കിട്ടി.. ഷിഫ്റ്റ്‌ തീര്‍ന്നത് പത്ത് മണിക്ക് ആണെങ്കിലും ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോ പതിനൊന്നു മണി .
കാബ് കാരനോട് വല്ല ഹോട്ടലും കണ്ടാല്‍ നിര്‍ത്തണം എന്ന് പറഞ്ഞു .
എവിടെ നല്ല മഴ ആയതോണ്ട് എല്ലാം നേരത്തെ പൂട്ടി ..വീട്ടിലെത്തി
കഞ്ഞി വെച്ച് തക്കാളി ചട്ട്നിയും ഉണ്ടാക്കി ..പൈപ്പില്‍ വെള്ളമില്ലാരുന്നു
മിനറല്‍ വാട്ടറില്‍ ഒരു കുളി .

ആഹാ എത്ര സുന്ദരം എത്ര തണുത്ത നിശബ്ദമായ ലോകം ..
മനസ് അപ്പോഴും മന്ത്രിച്ചു ഹാപ്പി ബര്‍ത്ത്ഡേ ഡാ !!

ജീവിതപ്പച്ചപ്പുകള്‍

റിംഗ് മൈ ബെല്‍സ് റിംഗ് മൈ ബെല്സ്‌ ( നാല് )


ഡാ

ആരാ ഏ എന്താ ?

ങ്ങേ എന്താന്നോ ?

എഹ് എഹ് അല്ല എന്താമ്മേ ഇപ്പൊ ?

നീയെന്താ വിളിക്കാത്തെ കുറെ ആയല്ലോ ..

ഒന്നൂല്ല നാണീസ് ഇവിടെ അസ്തിത്വ പ്രതിസന്ധിയും പ്രതിലോമകരമായ നിലപാടും യോജിച്ചു പോണില്ല .

നീ റാക്ക് കുടിചിട്ടിണ്ട് അല്ലെ

ഇല്ല മാതൃ വാക്യമേ എന്തേ ?

എന്തോ ചറൂം പിറൂം പറയുന്നു

ബി ഹി ഹി ..EST യും IST യും തമ്മിലുള്ള വ്യത്യാസം മനസിലാകാത്തോണ്ട് ആണ് നാണീസ് ഈ ചോദ്യോത്തരപംക്തി..

നീ അമ്മാമേന്റെ വീട്ടില്‍ വിളിച്ചു എന്ന് ചെക്കന് എന്തോ കാര്‍ഡ്‌ അയച്ചു എന്നും കേട്ടല്ലോ അപ്പൊ ഈ വ്യത്യാസം ?

നാണു ഒരുമാതിരി തീവ്രവാദികളെ പോലെ ചോദ്യം ചെയ്യരുത് ..
ചെക്കന്റെ പിറന്ത നാള്‍ വാഴ്ത്തുക്കള്‍ വേറെ ആര് അറിയിക്കും ?

ങ്ങും എന്തെങ്കിലും ആവട്ടെ .. നീ വരുന്നുണ്ടോ ഇപ്പെങ്ങാന്‍ ..

ലീവിന്റെ കാര്യത്തില്‍ അവസരവാദിയും അല്ലാത്തപ്പോ സോഷ്യലിസ്റ്റും ആണ് മുതലാളി .എങ്കിലും വന്നു പോവാന്‍ നോക്കാം ..
എന്താ എനിതിംഗ് അത്യാവശ്യം ..

ഒന്നൂല്ല ഇബിടത്തെ കാവ് പുതിക്കി പണിയുന്നകാര്യം അറിയാല്ലോ ..

ങ്ങും .പണ്ടെപ്പോ വിളിച്ചപ്പോ പറഞ്ഞിരുന്നു ..

അതിന്റെ ഒരു കുറ്റി രസീറ്റ്‌ തന്നിട്ടുണ്ട് .

ആഹാ .നന്നായല്ലോ ..പൂജാമുറിയില്‍ ഗണപതിയുടെ സൈഡില്‍ കുറച്ചു സ്ഥലം ഇല്ലേ അവിടിരിക്കട്ടെ ..

അതല്ലടാ .ഇന്ന് നമ്മള്‍ ദേവപ്രശ്നത്തില്‍ പറഞ്ഞ പോലെ നാല് അമ്പലത്തിലും പറശിനിയിലും പോയി ..

ആഹാ വെരി ഗുഡ് .ന്നിട്ട് ആ വളച്ചു കുത്തിയ ഷാപ്പിലെ പ്രകാശേട്ടനെ കണ്ടോ ?

നിന്റെ@#$%&^*&(

അല്ല എന്തിനാരുന്നു ദേവപ്രശ്നം ?

നാട്ടിലെ ദേവന്റെ ശക്തിക്ക് മങ്ങല്‍ ഉണ്ട് ..കുറെ അമ്പലത്തില്‍ ഇവിടുന്നു കുറെ ആള്‍ക്കാര്‍ പോയി പ്രാര്‍ഥിച്ചാല്‍ മാത്രേ ദേവന്റെ പോയ പ്രഭാവം തിരിച്ചു കിട്ടൂലൂ ..അതിന് ആണ് ഇവിടുന്നു വണ്ടി ഏര്‍പ്പാടാക്കി അവിടൊക്കെ പോയത് ..
ഇപ്രാവശ്യം കാവില്‍ കെട്ടിയാടല്‍ ഉണ്ടാവും അടുത്ത കൊല്ലം മുതല്‍ മുടങ്ങിപ്പോയ ഉത്സവോം .അതാണ്‌ പ്ലാന്‍ അതിന് പിരിവു കൊടുക്കണം ..

സീ നാണീസ് ഞാന്‍ ഇവിടെ അഞ്ചു പൈസ വിവരം ഇല്ലാത്ത കുറെ മാനേജര്‍മാരുടെ തെറിയും കേട്ട് രാപ്പക്കല്‍ നോക്കാതെ പണി എടുക്കുന്നത് ദേവനെ ഉദ്ധരിക്കാന്‍ അല്ല ..വീട്ടിലും എനിക്കും കുറച്ച് സന്തോഷവും തരുന്ന എന്തെങ്കിലും ചെയ്യാന്‍ ആണ് ..

അപ്പൊ നീ കുറ്റി കൊണ്ടോകില്ല ? അവിടേം ഉണ്ടാവില്ലേ കുറച്ച് എങ്കിലും വിശ്വാസം ഉള്ളവര്‍ ?

വിശ്വാസം ഉള്ളവര്‍ ഒരുപാട് ഉണ്ട് നാണീസ് ഇവിടെ .പക്ഷെ കുറ്റി ഞാന്‍ ഞാന്‍ കൊണ്ടോകില്ല ..കുറ്റിയിലെ ഒരു കൂപ്പണ്‍ പോലും എടുക്കാന്‍ ആരേം നിര്‍ബന്ധിക്കുകയും ഇല്ല ..ആരെങ്കിലും എന്റെ മുന്നില്‍ നിന്ന് കൊടുക്കുന്നത് കണ്ടാല്‍ എതിര്‍ക്കേം ചെയ്യും ..

നീയൊന്നും നന്നാവില്ലെടാ ദൈവദോഷീ ..

ശരിയാ നാണു .ഞാന്‍ ശരി ആയിരുന്നെങ്കില്‍ എനിക്കീ ലോകം മുഴുവന്‍ തെറ്റായേനെ ..

ങ്ങും ന്തെങ്കിലും ആട്ട് .. ഒരൂസം വന്നു ഇവിടെ നിന്നിട്ട് പോകാന്‍ നോക്ക് ..

Friday, March 22, 2013

തിരിച്ചറിവുകള്‍

ലോകത്തിന്റെ രാജാവായി
വാഴ്ത്തി കൊതിപ്പിച്ചുണര്‍ത്തി
മൊട്ടുസൂചി പോലും നിന്റെ
ആയിരുന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തിയ 
ജീവിത സ്വപ്നമരീചികകള്‍ ..

നമ്മള്‍

നമ്മള്‍ 
സമുദ്രത്തിലെ 
ദ്വീപുകളേപ്പോലെ 
ഒരിക്കലും കണ്ടില്ലെങ്കിലും
ഏതോ തീരങ്ങളിൽ ആർത്തലച്ചു 
പൊട്ടിത്തെറിഞ്ഞു മിന്നി മായുന്ന ജലകുമിളകള്‍ 

തീയോര്‍മകള്‍

എവിടെയോ കണ്ടെന്നു 
എവിടെയോ മറന്നെന്നു 
ഓര്‍മയില്‍ തിരയുമ്പോള്‍ 
കടല്‍ക്കാറ്റ് മനസ്സില്‍ 
തിരയടിക്കുമ്പോള്‍ 
ആഞ്ഞു വന്നൊരു തിരയില്‍ 
തെളിഞ്ഞ നിന്നോര്‍മ്മയില്‍ 
നീ തന്നെ അല്ലെ അതെന്നൊരു
ചോദ്യം നാക്കിന്‍ തുമ്പില്‍ 
തണുത്ത കാറ്റില്‍ 
അപ്പോളും തണുക്കാത്ത 
ചുണ്ടില്‍ ഒരു ചുംബനത്തിന്റെ 
തീയോര്‍മകള്‍ 

തിരിനാളം

ഒരു തിരിനാളം സൂക്ഷിച്ചിരുന്നു നെഞ്ചില്‍ 
ഒരു കെടാ വിളക്ക് പോലെ പ്രണയത്തിന്‍റെ
അണയാന്‍ സമ്മതിക്കില്ല എത്ര കനലായ്‌ 
എരിച്ചാലും മറവിയുടെ ചാരത്തില്‍ 
കാരണം എന്റെ ചിതയ്ക്ക് കൊളുത്തെണ്ട 
തീ ആ തിരിനാളത്തില്‍ നിന്ന് വേണം പകര്‍ത്താന്‍ 

Thursday, February 14, 2013

കണ്ണാടി ജന്മങ്ങള്‍

നിന്റെ കണ്ണിലെന്നെ
ഞാന്‍ കണ്ടിരുന്നു
എന്റെ  കണ്ണില്‍ നീ നിന്നെയും 
നീയെന്‍ കണ്ണാടിയോ
എന്നായിരുന്നില്ലേ 
നമ്മുടെ ആദ്യ ചോദ്യങ്ങള്‍ ?
പിന്നെയെപ്പോഴാണ് 
നിന്റെ കണ്ണാടിയില്‍ 
ഇല്ലാത്ത പോറലുകള്‍ 
കണ്ടു നീ അതില്‍
വജ്രമുന കൊണ്ട് 
ചീവാന്‍ തുടങ്ങിയത് ?

രാക്കിളി

രാക്കിളിയുടെ കരച്ചില്‍
തേങ്ങലോ ഈണമോ
എന്ന് തിരിച്ചറിയാതെ 
നിദ്രരഹിതമാം  രാവുകള്‍ 
 വെറുതെയായിക്കില്ലെന്നൊരു 
കൊതിക്കുന്ന തപിക്കുന്ന
മനവുമായ്‌ ഇടവഴിയിലെ
ഇരുട്ടില്‍  ഏകാകിയായ്.

ജീവിതം

ആത്മാര്‍ത്ഥതയില്ലാത്തൊരാത്മാവിന്‍ 
മനസ്സിന്റെ പിടച്ചിലുകള്‍ വിതുമ്പുന്നു..
ജനിമൃതിനദിയിലെ ഓളങ്ങളില്‍
ആര്‍ക്കും വേണ്ടാതെ കിടന്നോരെന്‍
ജീവിതമാറാപ്പുമായ് ഇന്നും പഥികന്‍ 
യാത്രാവിവരണം നടത്തുന്നു ..

മനുഷ്യര്‍

ഇരുണ്ട രാത്രികള്‍ക്കും വിളറിയ
പകലുകള്‍ക്കുമിടയിലെ ദൂരം
പ്രണയമാപിനി വെച്ച് അളക്കാന്‍
മറന്നുപോയവര്‍

ജീവിതം

ഏകാന്തത തിന്നു തീര്‍ത്ത
ചിതലരിച്ചുകൊണ്ടിരിക്കുന്ന
മനസുമായി പ്രയാണം 
ചിതല്‍കാഷ്ടമായിമണ്ണിലൂറും
 മുന്‍പ് നിന്നില്‍ 
അലിയാനാവുമെന്ന് 
വിണ്ടു കീറിയ കാല്‍പ്പാദത്തി-
ന്നോട് താഴെയുള്ള ഓരോ
മണല്‍ത്തരിയുമെന്നോട്
പറയുന്നുവെങ്കിലും
ഇനിയുമെത്ര ദൂരം
താണ്ടുവാനെന്നതൊരു 
ഏകദേശകണക്ക് ഒരു
വരിയില്‍ എഴുതാന്‍   
ബാക്കിയാവാത്തൊരു
ജീവിതക്കണക്ക് പുസ്തകം 

അഭിമന്യു

വിരലുകള്‍ തീര്‍ത്ത ചക്രവ്യൂഹം 
അതിനു നടുവില്‍ നില്‍ക്കുമ്പോള്‍
ഒരു വേള പകച്ചു പോയി എങ്കിലും 
തോറ്റ് പോയവന്റെ പരാജിതമുഖം 
ആയിരുന്നില്ല അവന്

കടല്‍

ഒരു വരിയില്‍ ഒരു കടല്‍ ഒളിപ്പിക്കാം 
നിന്റെ മിഴിയില്‍ എന്ന പോലെ 

എന്റെ പ്രണയം

ആരുടെയോ 
പ്രണയപുസ്തകത്താളിലെ
അച്ചടിതെറ്റ് വന്നൊരു   
വിലാപകാവ്യമാണ്
എന്റെ പ്രണയം 

Friday, February 1, 2013

ഞാനും നീയും .

എന്നാ പറ, ഞാന്‍ നിനക്ക്  ആരാ?
പെട്ടന്ന് ഒരുത്തരം ഇല്ലാത്ത ചോദ്യം.
എന്ത് ഉത്തരം കൊടുക്കണം? 
 നിനക്ക് ഞാന്‍ ആരും അല്ലാത്ത പോലെ
നീ എന്റെ ആരുമല്ല്ല ..
ആരുമല്ലാത്ത എല്ലാമായ ഞാനും നീയും .

സമസ്യ പൂരണം

വിറയ്ക്കുന്ന കൈകളും
പിടയ്ക്കുന്ന മനസും
ചൂടുള്ള നിശ്വാസവും
ചിരിക്കുന്ന മുഖവും 
കടംകഥയല്ല തന്നെ 
ഒരു ജീവിതം കൊണ്ടുള്ള 
സമസ്യ പൂരണം 

ചുംബനം

കുളിരാര്‍ന്ന രാത്രിയില്‍  
കവിളിലെ ചുംബനം 

പിടയ്ക്കുന്ന ഹൃദയത്തിന്റെ  
മിടിപ്പുകള്‍ തിരഞ്ഞൊരു 
മഞ്ഞുതുള്ളി അരുകില്‍ ...

ഉള്ളിലെ തീക്കനല്‍ 
ഊതി തണുപ്പിക്കാന്‍ 
ആ തപ്തനിശ്വാസങ്ങള്‍ 
എന്നുമുണ്ടായിരുന്നെങ്കില്‍ 

മിഴിനീര്‍

ഇന്നും തേടുന്നു മനസ്സ് 
ആരെയോ പ്രതീക്ഷിച്ചു  കാത്തിരിക്കുന്നു
പാതി ഉറക്കത്തിലെങ്ങോനഷ്ടമായ സ്വപ്നം
യാത്രക്കിടയില്‍ പറയാതെ
ഇറങ്ങിപ്പോയ സഹയാത്രിക  
വേനല്‍ചൂടിലെങ്ങോ അകാലത്തില്‍ പെയ്ത
മഴനീര്‍തുള്ളി കൈക്കുമ്പിളില്‍ കാത്തൊരു 
കുഞ്ഞിന്റെ ഈറന്‍ മിഴിനീര്‍ പോലെ 

ആലിലകളുടെ കലപിലകള്‍

ആലിലകളുടെ കലപിലകള്‍ 

ഒരു കാലത്ത് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത് ആലിലകള്‍ ആയിരുന്നു .
പൊട്ടിപ്പൊളിഞ്ഞ കാവിലെ ആളൊഴിഞ്ഞ ആല്‍ച്ചുവട്ടില്‍ കിടന്നു സ്വപ്നം കാണുമ്പോള്‍ ആയിരുന്നു അത് .
അവ സംസാരിക്കുന്നതു പോലെ മറ്റൊരിലയുംസംസാരിചിട്ടില്ല.സംസാരിക്കാന്‍ വിഷയദാരിദ്ര്യം അവയ്ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല .ചെറിയ പവിഴ അല്ലി പോലെ ജന്മം കൊള്ളുന്നത്‌ മുതല്‍ കാറ്റിന്റെ താരാട്ടില്‍ ഉറങ്ങുമ്പോള്‍ പോലും അത് സംസാരിച്ച് കൊണ്ടിരുന്നു .ഒടുവില്‍ അതെ കാറ്റിന്റെ കൈ പിടിച്ച് ഭൂമിയെ ആലിംഗനം ചെയ്തപ്പോഴും അത് സംസാരിച്ചിരുന്നു 

ആലിലകൾ ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു.സത്യം മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നു

ശ്വാസം

എത്ര അകലത്താണ് നാം
എന്നിട്ടും ഞാന്‍ അറിയുന്നു
നിന്റെ നിശ്വാസം എന്റെ മുഖത്ത് തട്ടുന്നത്
 എന്റെ ശ്വാസതാളം ഗതി മാറുന്നത് 

മഴ

മഴമേഘങ്ങള്‍ വറ്റിപ്പോയ ആകാശമേ
എന്നിലേക്ക്‌ പെയ്യുവാന്‍  
ഒരു തുള്ളി (കണ്ണീര്‍ )മഴ പോലും
പൊഴിക്കാനാവാതെ നീ ഇങ്ങനെ 
ഇരിക്കുമ്പോള്‍ ഞാന്‍
മരുഭൂമിയായില്ലെങ്കില്‍ അതല്ലേ മൃതി ?

Wednesday, January 16, 2013

പക്ഷി

നോവിന്‍ ശരമേറ്റ് പിടയും  
മനസ്സിന്‍ പക്ഷി 
അഭയം തേടിയലഞ്ഞ നേരം
സ്വാന്തനം കിട്ടിയ
മനസിന്റെ താരകം
മറ്റൊരു കണ്ണുനീര്‍
തുള്ളിതന്‍ നനവ്‌ മാത്രം

Monday, January 14, 2013

നിനക്ക്

ഇരുള്‍ പരന്നൊരീ 
ഏകാന്ത വീഥിയില്‍  
എകാകിയായിന്നുമിരിക്കുന്നു
എന്‍ സാമീപ്യം എന്‍ ഓര്‍മ്മകള്‍
നിന്നില്‍ ശക്തി പകരുമോ 
പ്രതീക്ഷയിന്‍ കൈത്തിരി നാളംകൊളുത്തുമോ ?

മോഹപക്ഷി

പാതിരാ  മയക്കത്തിൽ കാണും കിനാക്കളും 
കണ്ടു പേടിച്ച പേക്കിനാവുകളും ചേര്‍ന്ന് 
ഏകാകിയാമെന്‍ മാനസ തംബുരു
പൊഴിച്ച നിശ്വാസങ്ങളില്‍
അപസ്വരമായ് പിറന്ന പകലുകളും 
അശാന്തിയുടെ തീരത്ത് നിന്നും
അകന്നു പോകാന്‍ കൊതിക്കുന്നൊരു 
.....................

അഭയം

നോവിന്‍ ശരമേറ്റ് പിടയും  
മനസ്സിന്‍ പക്ഷി 
അഭയം തേടിയലഞ്ഞ നേരം
സ്വാന്തനം കിട്ടിയ
മനസിന്റെ താരകം
മറ്റൊരു കണ്ണുനീര്‍
തുള്ളിതന്‍ നനവ്‌ മാത്രം

നീ

ചിതല്‍ അരിപ്പകള്‍ പണിത 
മാനസചെപ്പിലെ ഓര്‍മകളില്‍ 
കിനാവ്‌ പോല്‍ സുന്ദര നിമിഷങ്ങളില്‍ 
നേര്‍ത്ത വിങ്ങലായ് നീ 

ഓര്‍മ്മകളുടെ ഭാവഭേദങ്ങള്‍

നിറമായി ഓര്‍മ്മകള്‍ 

ചില ഓര്‍മ്മകള്‍ക്ക് നരച്ച നിറം ആയിരിക്കും 
ചിലത് കറുത്ത കരിമ്പടം പുതച്ചു വരും 
ചിലത് നല്ല തെളിനീരോര്‍മ്മകള്‍ 
ആകാശനീലിമയിലും ചില ഓര്‍മ്മകള്‍ മഴവില്ലായി തെളിയും 


നല്ലൊരു കൂട്ടുകാരനും /കാരിയും  കാമുകനും /കിയും ശത്രുവും എല്ലാമാണ്‌ ഓര്‍മ്മകള്‍ 
എല്ലാം ബന്ധങ്ങളും വിട്ടുപിരിഞ്ഞു പോയാലും കൂടെ വരും ചില ഓര്‍മ്മകള്‍ 
അറുത്തു മാറ്റിയിട്ടും ശേഷിക്കുന്ന പൊക്കിള്‍മുറിവ് ബന്ധം പോലെ  
ചിരിക്കാനും /ചിന്തിക്കാനും /കരയാനും ഭയപ്പെടുത്താനും കഴിവുള്ള ഓര്‍മ്മകള്‍ 

ചിലപ്പോ ഓര്‍മ്മകള്‍ ഗന്ധങ്ങള്‍ ആണ് 

ആത്മാവിനു നഷ്ടമായ സുഗന്ധങ്ങള്‍ ആണ് ഓര്‍മ്മകള്‍ എന്ന് പൊതുവേ പറയാം 
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ഗന്ധങ്ങള്‍ 

ഓര്‍മ്മകള്‍ കടല്‍തിര പോലെ ആണ് 
തീരം വൃത്തിയാക്കുന്ന തിരകള്‍ അല്ല ...
ജീവിതാനുഭവക്കടലിലെ ചപ്പും ചവറും മുത്തും പവിഴങ്ങളും 
ഒരു പോലെ വെളിയില്‍ കൊണ്ട് വരുന്ന തിര 

Wednesday, January 9, 2013

ഡാമിറ്റ്

ചിറ കെട്ടി നിര്‍ത്തിയ ആഗ്രഹങ്ങളും സങ്കടങ്ങളും
സ്വപ്നങ്ങളും എല്ലാം കൂടി അണക്കെട്ട് പൊട്ടിക്കും

ഒരു ദിവസം 

അന്നും നീ എന്നത്തെയും പോലെ ഡാമിറ്റ് എന്ന് പറഞ്ഞ്
ചുമ്മാ ഇരിക്കും :) 

പ്രണയാക്ഷരം

കാലങ്ങളോളം നീ എഴുതാതെ സൂക്ഷിച്ച
പ്രണയാക്ഷരത്തിന്റെ കയ്യൊപ്പുകള്‍ 
ആത്മാവില്‍ നിന്നൊരു തുള്ളി രക്തത്തില്‍ 
വിരല്‍ മുക്കിയെഴുതുമീ പ്രണയാക്ഷരം 

ഏങ്ങല്‍

എവിടെയോ ഒളിച്ചിരിപ്പുണ്ട് ആരെയും കാണാതെ 
ആരെയും കേള്‍ക്കാതെ ഉള്ളിന്റെ ഉള്ളില്‍ 
ഒരു നനഞ്ഞ പക്ഷിയുടെ ഹൃദയമിടിപ്പ്‌ 
പോലെ നനുത്ത നൊമ്പരത്തില്‍ ഒരേങ്ങല്‍ 

നീ

പെയ്തു തീര്‍ന്ന മഴയോര്‍മകളിലെ
മറിഞ്ഞു പോയ പുസ്തകത്താളില്‍
മായ്ച്ചിട്ടും മായാത്ത മുഖമായി

ഏകാന്തതയുടെ തീരത്ത്

ആകാശം പുല്‍കാന്‍ കൊതിക്കുന്ന പക്ഷിയെപ്പോലെ 
കുതിച്ചുയരാന്‍ കൊതിക്കുന്ന മനസ്

മൌനത്തിന്‍റെ പുകമറക്കുള്ളില്‍
വാക്കുകള്‍ ഖനീഭവിച്ച് 
ഏകാന്തതയുടെ തീരത്ത് 
ചിറകരിഞ്ഞ പക്ഷിയായ് 
സ്വയം തീര്‍ത്ത കൂടാരത്തില്‍ 
നിശബ്ദനായ് ഇരിക്കുന്നു ഞാനും 

കുറെ ഓര്‍മ്മകള്‍

കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷവും 
തരുന്ന ഓര്‍മ്മകള്‍ 

പണ്ടത്തെ കൈവിരല്‍ സ്പര്‍ശനം 
ഓര്‍മയാക്കിയ അച്ഛന്‍ 

ഓലക്കീറില്‍ കൂടി അകത്തെത്തുന്ന 
മഴയെ ശപിക്കുന്ന ഓര്‍മയായി അമ്മ 

വാകമരത്തിന്റെ ചുകപ്പു പൂക്കള്‍ 
ഓര്‍മകളില്‍ വാരിയിട്ട സ്കൂള്‍ 

ഉടഞ്ഞ കണ്ണാടി പോലെ ചിതറിയ 
കുറെ ഓര്‍മ്മകള്‍ 

തോല്‍വി സമ്മതിക്കുന്നു

ഓര്‍മയുടെ വേലിയേറ്റത്തില്‍ മനസിന്റെ
 കരയില്‍ നിക്ഷേപിതമാകുന്ന 
ചില മാലിന്യങ്ങള്‍ ഉണ്ട് ..
മറവിയുടെ കടലില്‍ നമ്മള്‍
എത്ര വട്ടം എറിഞ്ഞു കളഞ്ഞാലും 
തിരിച്ചെത്തുന്ന ചില 
പ്ലാസ്റിക് മാലിന്യങ്ങള്‍ 
അത് ദ്രവിക്കില്ല അഴുകി 
തീരുകയും ഇല്ല  .. വേണമെങ്കില്‍ 
കത്തിച്ചു നശിപ്പിക്കാം 
ആത്മാവില്‍ ചന്ദനമുട്ടികൊണ്ടു 
ചിതയൊരുക്കി അബോധാക്ഷരങ്ങളുടെ 
പഞ്ചസാര വിതറി .. എങ്കിലും ,
ദുഷിക്കുന്ന അമ്ലഗന്ധമായി
മലിനചിന്തകളിലേക്ക് 
കുറച്ചു നേരം കൂട് വിട്ടു കൂട് മാറും മനസ് ..


ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകാതെ
തോല്‍വി സമ്മതിക്കുന്നു 



അവസാനത്തെ രണ്ടു വരി കടം എടുത്തതാണ് 

മയില്‍‌പീലി

നരച്ച ഓര്‍മപുസ്തകത്തിന്റെ 
അകത്ത്താളില്‍ എങ്ങോ 
മറന്നുവച്ച സ്വപ്ന മയില്‍‌പീലി 
പ്രസവിച്ചിരിക്കുന്ന കുഞ്ഞുങ്ങളാം ആഗ്രഹങ്ങള്‍