Thursday, February 14, 2013

കണ്ണാടി ജന്മങ്ങള്‍

നിന്റെ കണ്ണിലെന്നെ
ഞാന്‍ കണ്ടിരുന്നു
എന്റെ  കണ്ണില്‍ നീ നിന്നെയും 
നീയെന്‍ കണ്ണാടിയോ
എന്നായിരുന്നില്ലേ 
നമ്മുടെ ആദ്യ ചോദ്യങ്ങള്‍ ?
പിന്നെയെപ്പോഴാണ് 
നിന്റെ കണ്ണാടിയില്‍ 
ഇല്ലാത്ത പോറലുകള്‍ 
കണ്ടു നീ അതില്‍
വജ്രമുന കൊണ്ട് 
ചീവാന്‍ തുടങ്ങിയത് ?

രാക്കിളി

രാക്കിളിയുടെ കരച്ചില്‍
തേങ്ങലോ ഈണമോ
എന്ന് തിരിച്ചറിയാതെ 
നിദ്രരഹിതമാം  രാവുകള്‍ 
 വെറുതെയായിക്കില്ലെന്നൊരു 
കൊതിക്കുന്ന തപിക്കുന്ന
മനവുമായ്‌ ഇടവഴിയിലെ
ഇരുട്ടില്‍  ഏകാകിയായ്.

ജീവിതം

ആത്മാര്‍ത്ഥതയില്ലാത്തൊരാത്മാവിന്‍ 
മനസ്സിന്റെ പിടച്ചിലുകള്‍ വിതുമ്പുന്നു..
ജനിമൃതിനദിയിലെ ഓളങ്ങളില്‍
ആര്‍ക്കും വേണ്ടാതെ കിടന്നോരെന്‍
ജീവിതമാറാപ്പുമായ് ഇന്നും പഥികന്‍ 
യാത്രാവിവരണം നടത്തുന്നു ..

മനുഷ്യര്‍

ഇരുണ്ട രാത്രികള്‍ക്കും വിളറിയ
പകലുകള്‍ക്കുമിടയിലെ ദൂരം
പ്രണയമാപിനി വെച്ച് അളക്കാന്‍
മറന്നുപോയവര്‍

ജീവിതം

ഏകാന്തത തിന്നു തീര്‍ത്ത
ചിതലരിച്ചുകൊണ്ടിരിക്കുന്ന
മനസുമായി പ്രയാണം 
ചിതല്‍കാഷ്ടമായിമണ്ണിലൂറും
 മുന്‍പ് നിന്നില്‍ 
അലിയാനാവുമെന്ന് 
വിണ്ടു കീറിയ കാല്‍പ്പാദത്തി-
ന്നോട് താഴെയുള്ള ഓരോ
മണല്‍ത്തരിയുമെന്നോട്
പറയുന്നുവെങ്കിലും
ഇനിയുമെത്ര ദൂരം
താണ്ടുവാനെന്നതൊരു 
ഏകദേശകണക്ക് ഒരു
വരിയില്‍ എഴുതാന്‍   
ബാക്കിയാവാത്തൊരു
ജീവിതക്കണക്ക് പുസ്തകം 

അഭിമന്യു

വിരലുകള്‍ തീര്‍ത്ത ചക്രവ്യൂഹം 
അതിനു നടുവില്‍ നില്‍ക്കുമ്പോള്‍
ഒരു വേള പകച്ചു പോയി എങ്കിലും 
തോറ്റ് പോയവന്റെ പരാജിതമുഖം 
ആയിരുന്നില്ല അവന്

കടല്‍

ഒരു വരിയില്‍ ഒരു കടല്‍ ഒളിപ്പിക്കാം 
നിന്റെ മിഴിയില്‍ എന്ന പോലെ 

എന്റെ പ്രണയം

ആരുടെയോ 
പ്രണയപുസ്തകത്താളിലെ
അച്ചടിതെറ്റ് വന്നൊരു   
വിലാപകാവ്യമാണ്
എന്റെ പ്രണയം 

Friday, February 1, 2013

ഞാനും നീയും .

എന്നാ പറ, ഞാന്‍ നിനക്ക്  ആരാ?
പെട്ടന്ന് ഒരുത്തരം ഇല്ലാത്ത ചോദ്യം.
എന്ത് ഉത്തരം കൊടുക്കണം? 
 നിനക്ക് ഞാന്‍ ആരും അല്ലാത്ത പോലെ
നീ എന്റെ ആരുമല്ല്ല ..
ആരുമല്ലാത്ത എല്ലാമായ ഞാനും നീയും .

സമസ്യ പൂരണം

വിറയ്ക്കുന്ന കൈകളും
പിടയ്ക്കുന്ന മനസും
ചൂടുള്ള നിശ്വാസവും
ചിരിക്കുന്ന മുഖവും 
കടംകഥയല്ല തന്നെ 
ഒരു ജീവിതം കൊണ്ടുള്ള 
സമസ്യ പൂരണം 

ചുംബനം

കുളിരാര്‍ന്ന രാത്രിയില്‍  
കവിളിലെ ചുംബനം 

പിടയ്ക്കുന്ന ഹൃദയത്തിന്റെ  
മിടിപ്പുകള്‍ തിരഞ്ഞൊരു 
മഞ്ഞുതുള്ളി അരുകില്‍ ...

ഉള്ളിലെ തീക്കനല്‍ 
ഊതി തണുപ്പിക്കാന്‍ 
ആ തപ്തനിശ്വാസങ്ങള്‍ 
എന്നുമുണ്ടായിരുന്നെങ്കില്‍ 

മിഴിനീര്‍

ഇന്നും തേടുന്നു മനസ്സ് 
ആരെയോ പ്രതീക്ഷിച്ചു  കാത്തിരിക്കുന്നു
പാതി ഉറക്കത്തിലെങ്ങോനഷ്ടമായ സ്വപ്നം
യാത്രക്കിടയില്‍ പറയാതെ
ഇറങ്ങിപ്പോയ സഹയാത്രിക  
വേനല്‍ചൂടിലെങ്ങോ അകാലത്തില്‍ പെയ്ത
മഴനീര്‍തുള്ളി കൈക്കുമ്പിളില്‍ കാത്തൊരു 
കുഞ്ഞിന്റെ ഈറന്‍ മിഴിനീര്‍ പോലെ 

ആലിലകളുടെ കലപിലകള്‍

ആലിലകളുടെ കലപിലകള്‍ 

ഒരു കാലത്ത് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത് ആലിലകള്‍ ആയിരുന്നു .
പൊട്ടിപ്പൊളിഞ്ഞ കാവിലെ ആളൊഴിഞ്ഞ ആല്‍ച്ചുവട്ടില്‍ കിടന്നു സ്വപ്നം കാണുമ്പോള്‍ ആയിരുന്നു അത് .
അവ സംസാരിക്കുന്നതു പോലെ മറ്റൊരിലയുംസംസാരിചിട്ടില്ല.സംസാരിക്കാന്‍ വിഷയദാരിദ്ര്യം അവയ്ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല .ചെറിയ പവിഴ അല്ലി പോലെ ജന്മം കൊള്ളുന്നത്‌ മുതല്‍ കാറ്റിന്റെ താരാട്ടില്‍ ഉറങ്ങുമ്പോള്‍ പോലും അത് സംസാരിച്ച് കൊണ്ടിരുന്നു .ഒടുവില്‍ അതെ കാറ്റിന്റെ കൈ പിടിച്ച് ഭൂമിയെ ആലിംഗനം ചെയ്തപ്പോഴും അത് സംസാരിച്ചിരുന്നു 

ആലിലകൾ ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു.സത്യം മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നു

ശ്വാസം

എത്ര അകലത്താണ് നാം
എന്നിട്ടും ഞാന്‍ അറിയുന്നു
നിന്റെ നിശ്വാസം എന്റെ മുഖത്ത് തട്ടുന്നത്
 എന്റെ ശ്വാസതാളം ഗതി മാറുന്നത് 

മഴ

മഴമേഘങ്ങള്‍ വറ്റിപ്പോയ ആകാശമേ
എന്നിലേക്ക്‌ പെയ്യുവാന്‍  
ഒരു തുള്ളി (കണ്ണീര്‍ )മഴ പോലും
പൊഴിക്കാനാവാതെ നീ ഇങ്ങനെ 
ഇരിക്കുമ്പോള്‍ ഞാന്‍
മരുഭൂമിയായില്ലെങ്കില്‍ അതല്ലേ മൃതി ?