എത്ര അമര്‍ത്തി തുന്നിക്കെട്ടിയാലും കിനിഞ്ഞിറങ്ങുന്ന ചുവന്ന രേഖകള്‍ അമ്ലഗന്ധമാര്‍ന്ന മഞ്ഞച്ചുവരുകള്‍ കറുപ്പില്‍ തെളിയുന്ന നീലയും മഞ്ഞയും ചുവപ്പും ആയി മിന്നുന്ന പൊരുത്തക്കേടുകള്‍ നേര്‍രേഖയില്‍ അവസാനിക്കുന്ന സ്വപ്‌നങ്ങള്‍
പതിവ് പോലെ കിടക്കാന്‍ വൈകിയത് കാരണം എണീറ്റതും വൈകി തന്നെ .. പല്ല് തേച്ചു കുളിച്ചു കുറെ പച്ചവെള്ളം മട മടാ കുടിച്ചു . ഓഫീസില്‍ പോണമല്ലോ എന്നോര്‍ത്ത് പ്ലസ് തുറന്നു .. രാവിലെ തന്നെ ഒരുപാട് പേര്‍ ആശംസകള്‍ ഇട്ടിട്ടുണ്ട് . എന്തായാലും പന്ത്രണ്ടരയ്ക്ക് വണ്ടി വരും ഓഫീസിനടുത്തുള്ള വല്ല ഹോട്ടലിലും പോയി വല്ലോം കഴിക്കാം എന്ന് നിരീച്ച് പ്രാതല്‍ എന്നത്തെയും പോലെ തള്ളി .. ഓഫീസില്‍ എത്തി ഒരു മാംഗോ ജ്യൂസ് വാങ്ങി ക്യുബിക്കിളില്‍ കയറി ഇരുന്നു . ലിങ്കില്‍ ആരെയും പച്ച കാണുന്നില്ല ..അപ്പോഴാണ് മനസിലായത് ഒറ്റയ്ക്കാണ് ഷിഫ്റ്റില്‍ .. ആദ്യമായി ഒന്നും അല്ലാത്തത് കൊണ്ട് വല്യ പ്രശ്നം ഒന്നും തോന്നിയില്ല .. റുട്ടീന്‍ ചെക്കപ്പ് എല്ലാം നോക്കി മെയിലുകള്‍ക്ക് റിപ്ലൈ ചെയ്യാന്‍ തുടങ്ങിയപ്പോ ഫോണ്‍ അടിക്കാന്‍ തുടങ്ങി . പണ്ടാരം എന്ന് കരുതി എടുത്തു ..രണ്ടു മണിക്കൂര്‍ കോണ്‍ഫറന്‍സ് കോള്‍ .. ശരിയെന്റെ മുത്തപ്പാ എന്ന് കരുതി കോള്‍ തീര്‍ന്ന ഉടനെ കാന്റീനില്‍ ഓടി .. എല്ലാരും പൂട്ടി പാത്രോം കമഴ്ത്തി വെച്ച് വീട് പറ്റിയിരിക്കുന്നു .. പിന്നേം കുറേ പച്ചവെള്ളവും കുടിച്ചു ഒരു ഫില്‍ട്ടര്‍ കോഫിയും എടുത്ത് സീറ്റില്‍ തിരിച്ചെത്തി .. നേരത്തെ ഉണ്ടായ കോണ്‍ കോളിന്റെ മക്കളായി നാലഞ്ചു ഹൈ പ്രയോരിറ്റികള്‍ വന്നിട്ടുണ്ട് .. എല്ലാം ഒരു വിധം ശരിയാക്കി വച്ചപ്പോ അടുത്ത കോണ്‍ കോള്‍ .ഇത്തവണ ഒരു മണിക്കൂര്‍ ആയിരുന്നു ആശ്വാസം ..അത് കഴിഞ്ഞപ്പോ ഒന്ന് പുകയ്ക്കാം പുറത്ത് ഹോട്ടലില്‍ പോകാം എന്ന് കരുതി ഓഫീസിനു വെളിയില്‍ എത്തി .. കത്തിച്ച് നാലഞ്ചു അടി നടന്നിരിക്കും ഷിഫ്റ്റ് മൊബൈലില്‍ കോള്‍ ..ആഹാ രണ്ടര മണിക്കൂര്‍ പോയിക്കിട്ടി.. ഷിഫ്റ്റ് തീര്‍ന്നത് പത്ത് മണിക്ക് ആണെങ്കിലും ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോ പതിനൊന്നു മണി . കാബ് കാരനോട് വല്ല ഹോട്ടലും കണ്ടാല്‍ നിര്‍ത്തണം എന്ന് പറഞ്ഞു . എവിടെ നല്ല മഴ ആയതോണ്ട് എല്ലാം നേരത്തെ പൂട്ടി ..വീട്ടിലെത്തി കഞ്ഞി വെച്ച് തക്കാളി ചട്ട്നിയും ഉണ്ടാക്കി ..പൈപ്പില്‍ വെള്ളമില്ലാരുന്നു മിനറല്‍ വാട്ടറില്‍ ഒരു കുളി .
ആഹാ എത്ര സുന്ദരം എത്ര തണുത്ത നിശബ്ദമായ ലോകം .. മനസ് അപ്പോഴും മന്ത്രിച്ചു ഹാപ്പി ബര്‍ത്ത്ഡേ ഡാ !!
എവിടെയോ കണ്ടെന്നു എവിടെയോ മറന്നെന്നു ഓര്‍മയില്‍ തിരയുമ്പോള്‍ കടല്‍ക്കാറ്റ് മനസ്സില്‍ തിരയടിക്കുമ്പോള്‍ ആഞ്ഞു വന്നൊരു തിരയില്‍ തെളിഞ്ഞ നിന്നോര്‍മ്മയില്‍ നീ തന്നെ അല്ലെ അതെന്നൊരു ചോദ്യം നാക്കിന്‍ തുമ്പില്‍ തണുത്ത കാറ്റില്‍ അപ്പോളും തണുക്കാത്ത ചുണ്ടില്‍ ഒരു ചുംബനത്തിന്റെ തീയോര്‍മകള്‍
ഏകാന്തത തിന്നു തീര്‍ത്ത ചിതലരിച്ചുകൊണ്ടിരിക്കുന്ന മനസുമായി പ്രയാണം ചിതല്‍കാഷ്ടമായിമണ്ണിലൂറും മുന്‍പ് നിന്നില്‍ അലിയാനാവുമെന്ന് വിണ്ടു കീറിയ കാല്‍പ്പാദത്തി- ന്നോട് താഴെയുള്ള ഓരോ മണല്‍ത്തരിയുമെന്നോട് പറയുന്നുവെങ്കിലും ഇനിയുമെത്ര ദൂരം താണ്ടുവാനെന്നതൊരു ഏകദേശകണക്ക് ഒരു വരിയില്‍ എഴുതാന്‍ ബാക്കിയാവാത്തൊരു ജീവിതക്കണക്ക് പുസ്തകം
ഒരു കാലത്ത് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത് ആലിലകള്‍ ആയിരുന്നു . പൊട്ടിപ്പൊളിഞ്ഞ കാവിലെ ആളൊഴിഞ്ഞ ആല്‍ച്ചുവട്ടില്‍ കിടന്നു സ്വപ്നം കാണുമ്പോള്‍ ആയിരുന്നു അത് . അവ സംസാരിക്കുന്നതു പോലെ മറ്റൊരിലയുംസംസാരിചിട്ടില്ല.സംസാരിക്കാന്‍ വിഷയദാരിദ്ര്യം അവയ്ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല .ചെറിയ പവിഴ അല്ലി പോലെ ജന്മം കൊള്ളുന്നത് മുതല്‍ കാറ്റിന്റെ താരാട്ടില്‍ ഉറങ്ങുമ്പോള്‍ പോലും അത് സംസാരിച്ച് കൊണ്ടിരുന്നു .ഒടുവില്‍ അതെ കാറ്റിന്റെ കൈ പിടിച്ച് ഭൂമിയെ ആലിംഗനം ചെയ്തപ്പോഴും അത് സംസാരിച്ചിരുന്നു
ആലിലകൾ ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു.സത്യം മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നു
മഴ
മഴ ചെറുപ്പത്തില്‍ വെറുപ്പ് ആയിരുന്നതിനോട് .. ആകാശത്ത് കൊള്ളിയാന്‍ മിന്നുമ്പോള്‍ തന്നെ ഉള്ള ചട്ടീം കലവും പാത്രങ്ങളും എടുത്തു ഓലക്കീരുകള്‍ക്ക് ഇടയിലെ ആകാശത്തിനു കീഴെ വച്ച് മഴയെ വരവേല്‍ക്കുന്ന അമ്മ
മഴയുടെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നാണിത്.. പിന്നെ സ്കൂള്‍ കാലഘട്ടത്തിലെ തോണി യാത്ര മറൊരു ഓര്‍മ്മ ..
കുറച്ചു വളര്‍ന്നു AKG സ്മാരക വായന ശാലയിലെ പുസ്തകങ്ങള്‍ ഒരു കൂട്ടയപ്പോള്‍ മഴയെ ഇഷ്ടപ്പെടാന്‍ തുടങ്ങി ..
തറവാട്ടിലെ കരിപിടിച്ച മച്ചിന്‍ പുറത്ത് മഴയുടെ കരച്ചിലും സംഗീതവും പായാരം പറച്ചിലും മനസിലാവാന്‍ തുടങ്ങിയപ്പോള്‍ അതൊരു സുഹൃദ് ബന്ധത്തിന്റെ തുടക്കമാവുകയായിരുന്നു..
പിന്നെ രാത്രിമഴയില്‍ കൂടെ നടന്നു ഉള്ളിലെ ചൂടിനെ ഉരുക്കികളയുന്ന ഒരു രക്ഷ കര്‍ത്താവിന്റെ സ്ഥാനം മഴ ഏറ്റെടുത്തു. കാലാന്തരേ മഴയും ഞാനും ഒരു തതാല്മ്യം പ്രാപിച്ചു ..
മഴ തന്നെയാണ് ഞാന്‍, ഞാന്‍ തന്നെ ആണ് മഴ എന്ന അവസ്ഥയില്‍ നിന്നും ഇന്ന് ഒരുപാട് മാറി .
ഇപ്പോള്‍ മഴ വെറും ഒരു അപരിചിതനെ പോലെ ഞാന്‍ ഉറങ്ങുമ്പോള്‍ മുറി വാതിലില്‍ വന്നു എന്തൊക്കെയോ കുശുകുശുത്തു ആരോടും ഒന്നും പറയാതെ പോവുന്നത് കാണാം.
ഇന്ന് ,എന്തൊരു നശിച്ച മഴ .. പണ്ടാരടങ്ങാന്‍ ഈ മഴ ഇപ്പോഴെങ്ങാന്‍ നില്‍ക്കുമോ എന്ന് വെറുക്കാനും ശപിക്കാനും ഞാന്‍ പഠിച്ചിരിക്കുന്നു.
ഞാന്‍ എന്നെ തന്നെ വെറുത്തു തുടങ്ങി എന്നുള്ളതിന്റെ ബഹിര്‍സ്ഫുരണം ..
എല്ലാ മലയാളത്തുകരക്കാര്ക്കും ഭക്തിസാന്ദ്രമായ ഓര്മ്മകള്‍ ഉയര്ത്തുന്ന പുണ്യസ്മരണ.." ഏഴു തിരി കത്തിച്ച നിലവിളക്ക്.”
എന്റെ ഓര്‍മയിലും ഉണ്ട് ഒരു കത്തുന്ന നിലവിളക്ക്..
സ്കൂളില്‍ നിന്നും "പ0ന" പരിപടികളുടെ അന്നത്തെ ഭാഗം തീര്‍ത്തു അന്തിക്കുളിയും അര്‍മാദവും കഴിഞ്ഞു തറവാട്ടില്‍ എത്തുമ്പോള്‍ ചെറിയമ്മ കത്തിച്ചു വെച്ച നിലവിളക്ക് ..
ഒരല്പം ചരിത്രം: ..
പത്തു മക്കളുണ്ടായിരുന്ന അമ്മമ്മയ്ക്കു ബാക്കിയായ ആറു മക്കളില്‍ ഏറ്റവും ഇളയതാണു മുന്‍പു പറഞ്ഞ ചെറിയമ്മ..
കഥയിലേക്ക് തിരികെ വരാം ..
അന്നും ഇന്നും എല്ലാരും പറയുന്ന 5 പൈസയുടെ ബുദ്ധിക്കുറവ് (കൂടുതല്)ഈ പറഞ്ഞ വ്യക്തിക്കുണ്ടായിരുന്നു.
.വിളക്കു കത്തിച്ചതിനു ശേഷം അറിയുന്നതും അറിയത്തതുമായ എല്ലാ ദൈവ ങ്ങളുടേയും പേരെടുത്തു പറഞ്ഞു ഒരു സന്ധ്യാപ്രാര്‍ഥനയും ഉണ്ട് .
ഇതെല്ലാം ഇല്ലത്ത ദിവസങ്ങള്‍ ഇല്ല എന്റേ ഓര്‍മകളില്‍ ഇല്ല.
എല്ലാം മായ്ക്കുന്ന കടല്‍ പോലെ എല്ലാം വിഴുങ്ങുന്ന അഗ്നി..
അഗ്നി ആ ശരീരത്തിലും മറ്റുള്ളവരുടെ മനസ്സിലും ഉണ്ടാക്കിയ പൊള്ളലുകള്‍ ഒരിക്കലും മാറിയില്ല....
മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷം ഒരു ദിവസം കട്ടിലരികത്തിരുന്നു ആ കൈകളില്‍ സ്വന്തം വിരലുകള്‍ മുറുകുന്നതും പ്രാവിന്റെ കുറുകല്‍ നേര്ത്തു വരുന്നതും അനുഭവിച്ചു..
അപ്പോള്‍ മനസ്സിലായി നിലവിളക്ക് എന്നല്ല അതിനു പറയുന്നതു.."" നിലവിളികള്‍ക്കു "" എന്നാണ്..